കിഴക്കൻ മലയോര പ്രദേശമായ പത്തനാപുരത്തിൻ്റെ ആത്മീയ പൈതൃകത്തിൽ അനല്പമായ സ്വാധീനം ചെലുത്തിയിട്ടുള്ള ക്രൈസ്തവ ദേവാലയമാണ് മാർ ലാസറസ് ഓർത്തഡോക്സ് വലിയപള്ളി. മലങ്കരയിൽ അത്യപൂർവ്വമാണ് മാർ ലാസറസിൻ്റെ നാമത്തിലുള്ള ദേവാലയങ്ങൾ. പുതിയ നിയമത്തിൽ കർത്താവിൻ്റെ സ്നേഹിതൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നതും മരിച്ചവരിൽ നിന്ന് ക്രിസ്തു ഉയർപ്പിച്ചവനും പാരമ്പര്യമായ വിശ്വാസം അനുസരിച്ചു സൈപ്രസിലെ KITION എന്ന സ്ഥലത്തെ ബിഷപ്പുമായിരുന്ന മാർ ലാസറസിൻ്റെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ദേവാലയത്തിനു അതിൻ്റെ കാവൽ പിതാവിനെ പോലെ തന്നെ മരിച്ച് ഉയിർത്തെഴുന്നേറ്റ ചരിത്രം ആണ് ഉള്ളത്. പത്തനാപുരത്തെ കുടിയേറ്റ ക്രൈസ്തവ കുടുംബങ്ങളുടെ പരിശ്രമഫലമായി രൂപംകൊണ്ട മാർ ലാസറസ് ഇടവകയുടെ ചരിത്രം ആത്മീയാഭിവാഞ്ചയുടെ ചരിത്രം കൂടിയാണ്.
പത്തനാപുരത്ത് മദ്ധ്യതിരുവിതാംകൂറിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്രിസ്ത്യാനികൾ കുടിയേറി തുടങ്ങിയത് കൊല്ലവർഷം 1920 ആണ്ടോടു കൂടിയാണ്. അക്കാലത്തു ഓർത്തഡോക്സ് വിശ്വാസികൾക്ക് ആരാധനാസ്ഥലം ഇല്ലാതിരുന്നതിനാൽ കുടിയേറ്റക്കാർക്ക് നേരിട്ട പ്രയാസങ്ങൾ വളരെയാണ്. ഈ ദുരവസ്ഥക്ക് ഒരു പരിഹാരം ഉണ്ടാകണം എന്ന് ആഗ്രഹിച്ച വിശ്വാസധീരരായ ഓർത്തഡോക്സ് സഭാ മക്കൾ അവരുടെ പ്രയത്നവും സമ്പാദ്യവും കാണിക്കയായി സമർപ്പിച്ചുകൊണ്ട് വിശാലമായ ഒരു കുന്നിൻ പുറത്തു ലളിതമായി രൂപപ്പെടുത്തിയ ആദ്യ ദേവാലയമായിരുന്നു ഗത്‌സീമോൻ പള്ളി. അക്കാലത്തെ നടപടി പ്രകാരം പ്രസ്തുത ഇടവകക്കായി പട്ടം കൊടുത്തു നിയോഗിച്ചത് മാക്കുളത്ത് കിഴക്കേത്തലയ്ക്കൽ ദിവ്യശ്രീ ഗീവർഗീസ് കത്തനാരെ ആയിരുന്നു. എന്നാൽ ചരിത്രത്തിൻ്റെ കറുത്ത കൈകൾ എന്നേ പറയേണ്ടു. പ്രസ്തുത പള്ളിയും സ്ഥലവും താമസംവിനാ ഇടവകയ്ക്ക് നഷ്ടപ്പെടുകയാണുണ്ടായത്.
എന്നാൽ കർമ്മകുശലനും ഓർത്തഡോക്സ് വിശ്വാസധീരനുമായാ മാക്കുളത്തച്ചൻ തൻ്റെ ജീവനായി കരുതിയിരുന്ന ഗത്‌സീമോൻ ഇടവകയെ പുനരുദ്ധരിക്കുന്നതിനു തന്നെ തീരുമാനിച്ചു. അച്ഛൻ്റെയും ഇടവക ജനങ്ങളുടെയും വിശ്വാസസ്ഥിരതയും ആദർശധീരതയും മനസ്സിലാക്കി വീണ്ടും ഒരു ദേവാലയ നിർമ്മിതിക്ക് അന്നത്തെ ഇടവക മെത്രാപ്പോലീത്ത (പിൽക്കാലത്തു മോറാൻ മാർ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാ ബാവ) അനുവാദം നൽകി. ത്യാഗിവര്യനായ അച്ചൻ്റെയും ഇടവകജനങ്ങളുടെയും ശ്രമഫലമായി മണ്ണും തിണ്ണയുമായി സ്ഥിതി ചെയ്തിരുന്ന ഒരു കൊച്ചു വീടും അതോടു ചേർന്ന പറമ്പും ഹൈന്ദവനായ ഒരു അഞ്ചൽ മാസ്റ്ററോട് വിലയ്ക്ക് വാങ്ങി. ആരാധനയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തു ഇടവക മെത്രാപ്പോലീത്തായെ അറിയിച്ചു. വസ്തുതകൾ ഗ്രഹിച്ച തിരുമനസ്സുകൊണ്ട് ഗത്‌സീമോൻ ഇടവക ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്ന അർത്ഥത്തിൽ "മാർ ലാസർ പള്ളി" എന്ന് നാമകരണം ചെയ്ത് കൽപ്പന നൽകിയത് 1933 ലാണ്. മാതൃ ഇടവകയുടെ സൺഡേസ്കൂൾ ആയ ഗത്‌സീമോൻ സൺഡേസ്കൂൾ ഇന്നും ഇടവകയിൽ അതേപടി നിലനിൽക്കുന്നു എന്നതും ഇടവകയുടെ ചരിത്രത്തിൻ്റെ ഭാഗം തന്നെയാണ്.
ഏതാണ്ട് മുപ്പതു വീട്ടുകാർ മാത്രമായിരുന്നു പ്രാരംഭഘട്ടത്തിൽ അംഗങ്ങളായിരുന്നത്. സെമിത്തേരിക്ക് പ്രത്യേക സ്ഥലവും അനുമതിയും ഇല്ലാതിരുന്നതിനാൽ വളരെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടതായി വന്നു. ബഹു. അച്ചൻ്റെ ശ്രമഫലമായി തെക്കേടത്തു വളവുകയത്തിൽ ശ്രീ കൊച്ചയ്പ്പ മാമ്മൻ സൗജന്യമായി ഇടവകയ്ക്ക് നൽകിയ സ്ഥലത്ത് സെമിത്തേരിയും അനുവദിച്ചു കിട്ടിയത് ദൈവത്തിൻ്റെ അത്ഭുതമായ കരുതൽ എന്നേ പറയേണ്ടു.
പഴയ ദേവാലയത്തിൻ്റെ ഹൈക്കലായുടെ പണി ഏകദേശമായി പൂർത്തീകരിച്ചു 1942 ൽ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത നീ.വ.ദി.ശ്രീ. ഗീവർഗീസ് മാർ പീലക്സീനോസ് തിരുമേനി കൂദാശ ചെയ്തു. പ്രതിമാസം രണ്ടു ഞായറാഴ്ചകൾ മാത്രമാണ് ആദ്യ കാലങ്ങളിൽ ആരാധന ഉണ്ടായിരുന്നത്.
വിശാലനും ഔദാര്യനിധിയുമായിരുന്ന ശ്രീ. റ്റി. കെ. അലക്‌സാണ്ടർ 1944 ൽ പത്തനാപുരത്ത് സ്ഥിര താമസമാക്കിയതോടെ ഈ ഇടവകയുമായി ബന്ധപ്പെടുവാനും ഇതിൻ്റെ അപൂർണ്ണത മനസ്സിലാക്കുവാനും ഇടയായി. അദ്ദേഹത്തിൻ്റെ സഹായത്താൽ ശേഷിച്ച ഹൈക്കലയുടെ പണികളും മദ്ബഹായുടെ പണികളും വളരെ വേഗം തന്നെ പൂർത്തീകരിച്ച് 1946 മെയ് 9 ന് കണ്ടനാട് ഇടവകയുടെ ഔഗേൻ മാർ തിമോത്തിയോസ് (പിൽക്കാലത്തു ഔഗേൻ ബാവ) കൊല്ലം ഇടവകയുടെ മാർ തേവദോസിയോസ് എന്നീ തിരുമേനിമാരുടെ പ്രധാന കാർമ്മികത്വത്തിൽ കൂദാശ ചെയ്തു.
ബഹുമാനപ്പെട്ട മാക്കുളത്തച്ചൻ 1950 മാർച്ച് 17 ന് ദിവംഗതനായി. തുടർന്ന് കൊലത്താക്കൽ ദിവ്യശ്രീ ജോർജ് കത്തനാരെ ഇടവകയിൽ താമസിച്ചു പ്രവർത്തിക്കുന്നതിന് നിയോഗിച്ചു. അന്ന് മുതലാണ് എല്ലാ ഞായറാഴ്ചയും കുർബ്ബാനയുള്ള ദേവാലയമായി ഇത് പരിണമിച്ചത്. 1953 മുതൽ ആറ്റുവാശ്ശേരിൽ സി.പി മാത്യൂസ് കത്തനാർ തുണ്ടിൽ താഴേതിൽ ജി. എബ്രഹാം കത്തനാർ എന്നിവർ യഥാക്രമം വികാരിയും അസി. വികാരിയുമായി ദീർഘകാലം സേവനമനുഷ്ഠിച്ചു. പ്രസ്തുത കാലയളവിലാണ് ദേവാലയത്തിൻ്റെ നീളം വർദ്ധിപ്പിച്ചു കൊണ്ട് മുഖവാരപ്പണി മനോഹരമായി പൂർത്തിയാക്കിയത്.
1953 ജനുവരി 25 ന് ബഹു. റ്റി. കെ. അലക്സാണ്ടർ ഈ ലോകത്തോട് യാത്ര പറഞ്ഞു. അദ്ദേഹം കല്ലുംകടവ് ജംഗ്ഷനിൽ ഇടവകയ്ക്ക് ദാനം ചെയ്ത സ്ഥലത്തു മനോഹരമായ ഒരു കുരിശ്ശിൻ തൊട്ടിയും അദ്ദേഹത്തിൻ്റെ ഓർമ്മയ്ക്കായി ഒരു ലൈബ്രറി ഹാളും പിൽക്കാലത്തു പണികഴിപ്പിക്കുകയുണ്ടായി. അദ്ദേഹവും സഹധർമ്മിണി ശ്രീമതി അന്നമ്മ അലക്സാണ്ടറും ഇടവകയ്ക്ക് ചെയ്തിട്ടുള്ള സഹായങ്ങളും സേവനങ്ങളും കൃതജ്ഞത അർഹിക്കുന്നു. ശ്രീമതി അന്നമ്മ അലക്സാണ്ടർ മർത്തമറിയം സമാജത്തിൻ്റെ വൈസ് പ്രസിഡന്റായി ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തുടർന്നു മർത്തമറിയം സമാജത്തിൻ്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചത് തുരുത്തിയിൽ ശ്രീമതി മറിയാമ്മ ജോർജ്ജ്‌കുട്ടി ആയിരുന്നു. ഇടവകയുടെ ബാലാരിഷ്ടതയുടെ കാലയളവുകളിൽ ദേവാലയത്തിലേക്ക് കുരിശുകൾ, ഫാനുകൾ തുടങ്ങിയവ തന്നു സഹായിച്ചിട്ടുള്ളത് തെക്കേടത്തു സ്റ്റോഴ്സ് ഉടമകളായിരുന്ന സർവ്വ ശ്രീ ചാക്കോ നൈനാൻ, ചാക്കോ ജോസഫ് എന്നിവരും ആംപ്ലിഫൈർ മൈക് സെറ്റ് എന്നിവ നൽകിയത് കല്ലുവെട്ടാംകുഴിയിൽ ശ്രീ കെ .ഇ മത്തായിക്കുട്ടിയും ആയിരുന്നു. കാലയവനികക്കുള്ളിൽ മറഞ്ഞു പോയ മേൽ പ്രസ്താവിച്ച ഓരോരുത്തരെയും കൃതജ്ഞതയോടെ സ്മരിക്കുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
നാൽപ്പതോളം ബഹു. പട്ടക്കാർ ഈ ദേവാലയത്തിൽ വികാരിയായും അസി. വികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പേര് വിവരം അന്യത്ര ചേർത്തിട്ടുണ്ട്. 1996 ൽ പൊയ്കമേലേതിൽ അലക്സാണ്ടർ കത്തനാർ ഇടവക വികാരിയായി നിയോഗിക്കപ്പെട്ടു. 1996 ഡിസംബർ 29 തീയതി കൂടിയ ഇടവക പൊതുയോഗത്തിൽ ഇടവക ജനങ്ങൾക്ക് സുഗമമായി ആരാധനയിൽ സംബന്ധിക്കുന്നതിനു നിലവിലുള്ള ദേവാലയത്തിൻ്റെ പരിമിതികൾ അവലോകനം ചെയ്യുകയും പുതിയ ഒരു ദേവാലയം പണികഴിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകയും ആയതിലേക്ക് നല്ല ഒരു ആർക്കിടെക്ടിനെ ബന്ധപ്പെട്ട് പ്രാഥമികമായ രൂപകൽപ്പന തയ്യാറാക്കി പൊതുയോഗത്തിൽ സമർപ്പിക്കുന്നതിന് പ്രിൻസ് പാർക്കിൽ ശ്രീ പ്രിൻസ് അലക്സാണ്ടറിനെ ചുമതലപ്പെടുത്തുകയും ചെയ്തു. തുടർന്ന് 1997 ഫെബ്രുവരി 2 ന് കൂടിയ പൊതുയോഗത്തിൽ റിപ്പോർട്ടും പുതിയ പള്ളിയുടെ പ്ലാനും സമർപ്പിക്കുകയുണ്ടായി. തുടർന്നുള്ള ചർച്ചയിൽ പള്ളിപുരയിടത്തോട് ചേർന്ന് പടിഞ്ഞാറ് വശത്തുള്ള വസ്തു കൂടി വാങ്ങി സ്ഥല വികസനവും തുടർന്ന് ദേവാലയ പുനർനിർമ്മാണവും നടത്തുന്നതിനെ കുറിച്ച് ധാരണയായി. ദേവാലയ പുനർനിർമ്മാണത്തിനായി ബഹു. വികാരി പ്രസിഡന്റും ശ്രീ പ്രിൻസ് അലക്സാണ്ടർ (കൺവീനർ), ശ്രീ റ്റി. എം. മാത്യൂസ് (ട്രഷറർ) ശ്രീ ജോർജ് എം പടിയറ (സെക്രട്ടറി) ബാബു കെ ജോർജ്, ജോൺസൺ കെ സഖറിയ (ജോയിൻറ് കൺവീനർ) ആയി വിപുലമായ ഒരു കമ്മിറ്റി രൂപീകരിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.
1998 മെയ് 9 ന് പരി. ഗീവര്ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ചു പരി. കാതോലിക്കാ ബാവ മോറാൻ മാർ ബസേലിയോസ് മാത്യൂസ് ദ്വിതീയൻ തിരുമനസ്സ് കൊണ്ട് ഇടവക മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. മാത്യൂസ് മാർ എപ്പിഫാനിയോസിൻ്റെയും വികാരി ഫാ. പി അലക്സാണ്ടറുടെയും സാന്നിധ്യത്തിൽ പുതിയ ദേവാലയത്തിന്റെ ശിലാ സ്ഥാപനം നിർവഹിച്ചു. മാർ ലാസറസിൻ്റെ യേരുശലേമിലുള്ള കല്ലറയിൽ നിന്നും കൊണ്ട് വന്ന മണ്ണും കല്ലും ശിലാസ്ഥാപനത്തിന് ഉപയോഗിക്കാൻ സാധിച്ചത് ആത്മീയമായ സൗഭാഗ്യമാണ്. 2002 മെയ് മാസം അലക്സാണ്ടർ അച്ചൻ സ്ഥലം മാറി പോവുകയും ബഹു വി തോമസ് അച്ചൻ വികാരിയായി ചുമതല ഏറ്റെടുക്കുകയും ചെയ്തു. യൗവനത്തിൻ്റെ ചുറുചുറുക്കോടുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തന ഫലമായി ഒരു നിശ്ചിത കാലയളവിൽ ദേവാലയ നിർമ്മാണം പൂർത്തീകരിക്കണം എന്നുള്ള ലക്ഷ്യത്തോടെ നിർമ്മാണ കമ്മിറ്റി അംഗങ്ങളും, ഇടവക മാനേജിങ് കമ്മിറ്റി, പ്രാര്ഥനയോഗങ്ങൾ, മർത്തമറിയം സമാജങ്ങൾ, യുവജന സമാജങ്ങൾ എന്നിങ്ങനെ ഇടവകയിലെ എല്ലാ ആദ്ധ്യാത്മിക സംഘടനകളും ലക്ഷ്യബോധത്തോടെ പ്രവർത്തിച്ചതിൻ്റെ ഫലമായി, ഇന്ന് കാണുന്ന വിധം പത്തനാപുരം ദേശത്തിനു അഭിമാനവും അനുഗ്രഹവുമായി ഈ ദേവാലയം പൂർത്തീകരിക്കുന്നതിന് സാധിച്ചു. തെക്കേടത്ത് ശ്രീ. റ്റി. സി. യോഹന്നാൻ സൂപ്പർവൈസറായി സേവനം അനുഷ്ഠിച്ചു.
2003 ഫെബ്രുവരി 16 17 തീയതികളിൽ പരി. മോറാൻ മാർ ബസേലിയോസ് മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ തിരുമനസ്സ് കൊണ്ട് മറ്റ് മെത്രാപ്പോലീത്താമാരുടെ സാന്നിധ്യത്തിലും സഹകരണത്തിലും പുതിയ ദേവാലയത്തിൻ്റെ കൂദാശ നിർവഹിച്ചു. നിയുക്ത കാതോലിക്കാ ബാവ അഭി. തോമസ് മാർ തിമോത്തിയോസ് ഇടവക മെത്രാപ്പോലീത്ത അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് കുന്നംകുളം ഭദ്രാസനാധിപൻ അഭി. പൗലോസ് മാർ മിലിത്തിയോസ് കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മാർ സേവേറിയോസ് എന്നിവർ സഹ കാർമ്മികർ ആയിരുന്നു. ഇടവക മെത്രാപ്പോലീത്ത ഒഴികയുള്ള സഹ കാർമ്മികരായ എല്ലാ തിരുമേനിമാരും പിൽക്കാലത്തു കാതോലിക്കാ ബാവാമാരായി വാഴിക്കപ്പെട്ടു എന്നുള്ളത് ഇടവകയുടെ അഭിമാനമാണ്.
പള്ളി ഓഫീസിൻ്റെയും പാഴ്സനേജിൻ്റെയും ശിലാസ്ഥാപനം 2003 സെപ്റ്റംബർ മാസം 8 തീയതി അഭി. തോമസ് മാർ അത്താനാസിയോസ് തിരുമേനി നിർവഹിച്ചു. ഓഫീസ് കൂദാശ 2004 ഫെബ്രുവരി 17 നു ഇടവകയുടെ ഒന്നാം ഇടവകദിനത്തിൽ ഇടവക മെത്രാപ്പോലീത്ത അഭി. മാത്യൂസ് മാർ എപ്പിഫാനിയോസും പാർശനേജ് കൂദാശ 2004 സെപ്റ്റംബർ 8 നു നിയുക്ത മെത്രാനും ഇടവകയിൽ മാമോദീസ മുങ്ങിയതുമായ വെരി റവ. ഡോ. കെ.ജെ. ഗബ്രിയേൽ റമ്പാനും നിർവഹിച്ചു.
ഇടവകയുടെ വാർഷിക കലണ്ടർ പ്രകാരം എല്ലാവർഷവും ഏപ്രിൽ 30, മെയ് 1 തീയതികളിൽ പരി. ഗീവർഗീസ് സഹദായുടെ നാമത്തിൽ പള്ളിപ്പെരുന്നാൾ കൊണ്ടാടുന്നു. സെപ്റ്റംബർ 1 മുതൽ 8 വരെ എട്ടുനോമ്പ് വിവിധ പ്രാർത്ഥനായോഗങ്ങളുടെ നേതൃത്വത്തിൽ ആചരിക്കുന്നു. നവംബർ മാസം രണ്ടാം വാരം പരി. പരുമല തിരുമേനിയുടെ പെരുന്നാൾ ചെറിയപള്ളി പെരുന്നാളായും എല്ലാ വർഷവും ഫെബ്രുവരി മാസം 14 നു ശേഷമുള്ള ഞായറാഴ്ച ഇടവക ദിനമായും ആഘോഷിക്കുന്നു. ജനുവരി രണ്ടാം വാരം സെൻറ് ഗ്രീഗോറിയോസ് യുവജനപ്രസ്ഥാനം നേതൃത്വം നൽകുന്ന ശാലേംപുരം കൺവൻഷനും നടത്തപ്പെടുന്നു.
2007 - 2008 വർഷം ഇടവകയുടെ പ്ലാറ്റിനം ജൂബിലി വർഷമായി ആഘോഷിച്ചു. ആയതിൻ്റെ ഉദ്ഘാടനം 2007 മാർച്ച് 18 ന് അഭി. മാത്യൂസ് മാർ എപ്പിഫാനിയോസ് തിരുമേനി നിർവഹിച്ചു. തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി സന്നിഹിതനായിരുന്നു. തദവസരത്തിൽ ഇടവക ഗേറ്റിന് സമീപം പണി കഴിപ്പിച്ച കുരിശ്ശിൻ തൊട്ടിയുടെ കൂദാശയും നിർവഹിച്ചു. ഇടവകയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ മാർ ലാസറസ് ഓർത്തഡോക്സ് ചർച്ച്, മാർ ലാസറസ് ഓർത്തഡോക്സ് വലിയപള്ളിയായി പരി. ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ കാതോലിക്കാ ബാവ കൽപ്പനമൂലം പ്രഖ്യാപിച്ചു.
പള്ളിയിൽ നിന്ന് വളരെ ദൂരെ താമസിക്കുന്ന തെക്കേഭാഗം പ്രാർത്ഥനായോഗങ്ങളിൽ പെട്ട ഭവനങ്ങളിലെ സുഗമമായ സൺഡേസ്കൂൾ പഠനം ലക്ഷ്യമാക്കി 1975 ൽ അന്നത്തെ സൺഡേസ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന ഒറ്റേത്ത് ശ്രീ ഇടിച്ചാണ്ടി കോശി അവറുകളുടെ ശ്രമഫലമായി ശാലേംപുരം ഭാഗത്ത് 25 സെന്റ് സ്ഥലം വാങ്ങി ഒരു സൺഡേസ്കൂൾ കെട്ടിടം സ്ഥാപിക്കുകയുണ്ടായി. തദ്ദേശവാസികളായ ഇടവക ജനങ്ങളുടെ ആഗ്രഹപ്രകാരം ബഹു. ഇടിച്ചാണ്ടി സാറിൻ്റെ പ്രത്യേകമായ താല്പര്യത്തോടെയുള്ള അദ്ധ്വാനഫലമായി പ്രസ്തുത സൺഡേസ്കൂൾ കെട്ടിടം ഇടവകയുടെ ചാപ്പലായി 1982 സെപ്റ്റംബർ 2, 3 തീയതികളിലായി സെൻറ് ഗ്രീഗോറിയോസ് ചാപ്പൽ എന്ന നാമധേയത്തിൽ അന്നത്തെ ഇടവക മെത്രാപ്പോലീത്ത മാത്യൂസ് മാർ കൂറിലോസ് തിരുമനസ്സുകൊണ്ട് (പിൽക്കാലത്ത് മോറാൻ മാർ ബസേലിയോസ് മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ ) കൂദാശ ചെയ്തു. തുടക്കത്തിൽ 2 മാസത്തിൽ ഒരിക്കൽ കുർബ്ബാന അർപ്പിച്ചിരുന്നു. 1984 ജനുവരി മുതൽ മാസത്തിൽ ഒരു തവണ കുർബ്ബാന അർപ്പിക്കത്തക്കവണ്ണം ഒരു സഹ പട്ടക്കാരനെ കൂടെ അഭിവന്ദ്യ തിരുമനസ്സുകൊണ്ട് കൽപ്പിച്ച് അനുവദിച്ചു തന്നു. 2005 ഏപ്രിൽ മാസം മുതൽ മാസത്തിൽ രണ്ടു തവണ വി. കുർബ്ബാന അർപ്പിക്കുന്നു.
ഇടവകയുടെ ശാലേംപുരം ചാപ്പൽ പുതുക്കിപ്പണിയുവാൻ ഇടവക പൊതുയോഗം തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിൽ അതിൻ്റെ ശിലാസ്ഥാപനം ഇടവക മെത്രാപ്പോലീത്ത കൊല്ലം ഭദ്രാസനാധിപൻ അഭി. ഡോ. സഖറിയാസ് മാർ അന്തോണിയോസ് 2009 നവംബർ 8 ന് നിർവഹിച്ചു. പുതുക്കി പണിത ചാപ്പൽ 2011 മെയ് മാസം 12 ന് മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ വലിയബാവ നിർവഹിച്ചു. ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയും ഇടുക്കി ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ തേവദോസിയോസ് തിരുമേനി, കൽക്കട്ട ഭദ്രാസനാധിപൻ അഭി. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി എന്നിവർ കാർമ്മികരായിരുന്നു. തദവസരത്തിൽ ശാലേംപുരം ചാപ്പൽ, ശാലേംപുരം സെൻറ് ഗ്രീഗോറിയോസ് ചെറിയപള്ളിയായി ഇടവക മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി പ്രഖ്യാപിച്ചു.
ഏഴു കുരിശ്ശിൻ തൊട്ടികളാണ് വിവിധ ഭാഗങ്ങളിലായി ഇടവകയ്ക്ക് സ്വന്തമായി ഉള്ളത്
2010 ഓഗസ്റ്റ് 15 ന് പരി. സുന്നഹദോസ് തീരുമാനപ്രകാരം കൊല്ലം ഭദ്രാസനം വിഭജിച്ചപ്പോൾ മുതൽ നമ്മുടെ ദേവാലയം അടൂർ - കടമ്പനാട് ഭദ്രാസനത്തിൻ്റെ കീഴിലായി പ്രവർത്തിക്കുകയാണ്. ഇപ്പോൾ ഇടവകയിൽ 290 - ഓളം കുടുംബങ്ങൾ അംഗങ്ങളാണ്. സെൻറ് പോൾസ്, സെൻറ് ജോർജ്, സെൻറ് തോമസ്, സെൻറ് മേരീസ്, സെൻറ് പീറ്റേഴ്സ്, സെൻറ് ജോൺസ് എന്നിങ്ങനെ ആറ് പ്രാർത്ഥനായോഗങ്ങളാണ് ഇടവകയിൽ ഉള്ളത്.
2022 - 2023 ഇടവകയുടെ നവതി വർഷമായി ആഘോഷിക്കുകയുണ്ടായി. ആയതിൻ്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 19 ന് പരി. മോറാൻ മാർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു.
വന്ദ്യ ദിവ്യശ്രീ മാക്കുളത്ത് ഗീവർഗീസ് കത്തനാർ സ്മാരക മന്ദിരം കൂദാശ കർമ്മം 2025 ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ മുഖ്യ കമ്മികത്വത്തിൽ നടത്തപ്പെടുകയുണ്ടായി